നോമ്പുകാരോ നമ്മള്‍?
അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി
അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി

പരിശുദ്ധ റമളാന്‍ സമാഗതമായി. റമളാന്‍ ആദ്യമായിട്ടല്ല നമ്മിലേക്ക് വരുന്നത്. പലപ്രാവശ്യം വരികയും പിരിയുകയും ചെയ്തു.ഓരോ റമളാനും നമ്മെ ശുദ്ധീകരിക്കുകയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും ചെയ്യേണ്ടതാണ്. തഖ്വയെന്ന തീര്‍ത്ഥ ജലത്തില്‍ മുക്കിയെടുത്ത് പരമപരിശുദ്ധരാക്കി മാറ്റിയെടുക്കാനാണ് വിശുദ്ധ റമളാന്‍ വരുന്നത്. നമ്മുടെ ശരീരത്തിന്‍റെ ഇച്ഛകളെ വിശപ്പിന്‍റെ അഗ്നി കൊണ്ട് സ്ഫുടം ചെയ്ത് തിളക്കമുള്ളതാക്കാനും ഹൃദയ രോഗങ്ങളെ ഖുര്‍ആനിന്‍റെ നീരുറവയില്‍ മുക്കി പരിശുദ്ധമാക്കാനും പാപക്കറകളെ തൗബയുടെ കണ്ണീര് കൊണ്ട് കഴുകി ശുദ്ധമാക്കാനും സല്‍കര്‍മ്മങ്ങള്‍ കൊണ്ട് ശരീരത്തെ നന്മډപൂക്കുന്ന പൂഞ്ചോലയാക്കി മാറ്റാനും ലക്ഷ്യം വച്ച് കൊണ്ടാണ് റമളാനിനെ അല്ലാഹു നമുക്ക് നല്‍കിയത്. പക്ഷേ പലപ്രാവശ്യം റമളാന്‍ നമ്മിലൂടെ കടന്ന് പോയിട്ടും നമുക്ക് എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്ന് ചിന്തിക്കുന്നത് വളരെ കാലികമാണ്. റമളാനിന്‍റെ ആദ്യം മുതലേ ഈ ചിന്ത നമ്മെ അലട്ടിയാലാണ് റമളാന്‍ അവസാനിക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ നേടിയവരായി മാറുകയുള്ളൂ.
റമളാനിന്‍റെ ലക്ഷ്യത്തിലേക്ക് നമുക്ക് എത്താന്‍ പ്രഥമമായി വേണ്ടത് നോമ്പനുഷ്ഠിക്കലാണ്. നാം നമ്മുടെ ഹൃദയത്തോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, കഴിഞ്ഞ് പോയ റമളാനുകളില്‍ നാം നോമ്പനുഷ്ഠിച്ചിരുന്നോ എന്ന്. നോമ്പനുഷ്ഠിച്ചില്ലെങ്കില്‍ റമളാന്‍ ലഭിക്കുകയില്ലായെന്ന് പ്രത്യേകം ഉണര്‍ത്തേണ്ടതില്ലല്ലോ? റമളാനുമായി ബന്ധപ്പെട്ട നിര്‍ബന്ധബാധ്യത നോമ്പ് മാത്രമാണ്.പെരുന്നാളാകുമ്പോഴാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ഒന്നുകൂടി ചോദിക്കുക, നാം നോമ്പനുഷ്ഠിച്ചിരുന്നോ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ തീര്‍ച്ചയായും റമളാന്‍ കൊണ്ടുള്ള ലക്ഷ്യം നാം നേടിയിട്ടുണ്ടാകും. ലക്ഷ്യങ്ങള്‍ നാം നേടിയിട്ടില്ലെങ്കില്‍ അഥവാ റമളാനിന് ശേഷം അല്‍പ്പമെങ്കിലും തഖ്വ നമുക്ക് അധികരിച്ചിട്ടില്ലെങ്കില്‍ നാം നോമ്പനുഷ്ഠിച്ചിട്ടില്ലായിരുന്നുവെന്നാണ് വിലയിരുത്തപ്പെടേണ്ടത്.
തീര്‍ച്ചയായും നാം നോമ്പനുഷിഠിച്ചിട്ടുണ്ട്.എന്ന് നാം നമ്മോട് തന്നെ പറയുന്നു.എങ്കില്‍ പിന്നെ ഒറ്റ ഉത്തരമേയുള്ളൂ. നാം ശരിയായ വിധത്തില്‍ നോമ്പനുഷ്ഠിച്ചിട്ടുണ്ടാവുകയില്ല. ഏതെങ്കിലും പാകപിഴവുകള്‍ വന്നിട്ടുണ്ടാകും..അത് എന്താണ് എന്ന് പരിശോധിച്ച് ശരിയായ ചൈതന്യത്തോടെ നോമ്പനുഷ്ഠിക്കാന്‍ നമുക്കാകണം. നോമ്പ് പലവിധമുണ്ട്. അതില്‍ ഓരോന്നും പ്രത്യേകം പ്രത്യേകം മനസ്സിലാക്കിയാല്‍ മാത്രമേ ശരിയായ നോമ്പായിരുന്നോ നമ്മുടേത് എന്ന് പരിശോധിച്ചറിയാനാവൂ.
നോമ്പ് മൂന്ന് വിധമുണ്ട് എന്നാണ് ഇമാം ഗസ്സാലി (റ) പറയുന്നത്. ഹൃദയത്തിന്‍റെ നോമ്പാണതിലൊന്ന്. അതാണ് ഏറ്റവും സമ്പൂര്‍ണ്ണമായ നോമ്പ്.സൗഭാഗ്യവാന്മാര്‍ക്ക് മാത്രം അനുഷ്ഠിക്കാന്‍ കഴിയുന്ന നോമ്പാണത്.ഹൃദയത്തില്‍ നോമ്പുണ്ടായവന് ബാക്കിയെല്ലാ നോമ്പുമുണ്ടാകും. അല്ലാഹുവില്‍ ഹൃദയം ലയിക്കുന്ന അല്ലാഹു അല്ലാത്തതിനെയെല്ലാം വെടിയുന്ന ചിന്തകള്‍ കൊണ്ട് പോലും നോമ്പ് മുറിക്കാത്ത പരിശുദ്ധമായ നോമ്പാണത്.തഖ്വക്ക് എതിരായത് ഒന്നും ചിന്തിക്കാതെ ഹൃദയം പരിപൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഈ നോമ്പ് ഏതായാലും നമുക്കില്ല. വിശുദ്ധ റമളാനിലെ പകലില്‍ പലതും നാം ചിന്തിക്കുന്നു. ദുന്‍യാവിന്‍റെ പലമോഹങ്ങളും കളിക്കുന്ന ഒരു മൈതാനമാണ് നമ്മുടെ ഹൃദയം. പലപ്പോഴും ഭക്ഷണ പാനീയങ്ങളെ കുറിച്ച് മാത്രമല്ല ,നിഷിദ്ധമായ മൈഥുന വിചാരങ്ങളും കാമ, ക്രോധ ഭോഗ ചിന്തകളും നമ്മുടെ മനസ്സില്‍ വന്ന് പോകാറുണ്ട്.സമ്പൂര്‍ണ്ണമായി മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുവാന്‍ നമുക്കാകുന്നില്ലെങ്കില്‍ നമുക്ക് ഖല്‍ബിന്‍റെ നോമ്പില്ല എന്ന് തന്നെ പറയാം. അഥവാ ഇതുവരെ സൗമുല്‍ ഖല്‍ബ് എന്ന ഉദാത്തമായ നോമ്പ് നാം അനുഷ്ഠിച്ചിട്ടേയില്ല.
രണ്ടാമത്തെ നോമ്പ് അവയവങ്ങളുടെ നോമ്പാണ്.അതും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം നിര്‍വഹിക്കാനാവുന്ന നോമ്പാണ്. അഥവാ അവയവങ്ങളില്‍ തഖ്വ പൂത്തുലയുന്ന മനോഹരമായ നോമ്പ്.മുഴുവന്‍ അവയവങ്ങളും അല്ലാഹുവിന് ഇഷ്ടമില്ലാത്ത മുഴുവന്‍ കാര്യങ്ങളും വെടിഞ്ഞ് സൂക്ഷ്മതയോടെ നിലകൊള്ളുന്ന നോമ്പാണിത്. അപ്പോള്‍ കണ്ണ്, അനാവശ്യങ്ങളില്‍ നിന്നും അശ്ലിലതകളില്‍ നിന്നും പിന്‍വലിഞ്ഞ് നോമ്പനുഷ്ഠിക്കുന്നു. നാവ് , നുണയോ പരദൂഷണമോ ഏഷണിയോ പരിഹാസമോ അപവാദമോ പറയാതെ നോമ്പനുഷ്ഠിക്കുന്നു.
ഒന്നുകില്‍ മിണ്ടാതിരിക്കുകയോ അല്ലെങ്കില്‍ ദിക്ര്‍ ദുആകളില്‍ വൃാപൃതരാവുകയോ ചെയ്യുക. നബി (സ്വ) പറയുന്നു: ആരെങ്കിലും അനാവശ്യ സംസാരവും പ്രവര്‍ത്തനവും ഉപേക്ഷിക്കുന്നില്ലായെങ്കില്‍ അവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി) ശരീരത്തിലെ എല്ലാ അവയവങ്ങളും ഇങ്ങനെ ഇംസാക്ക് പാലിക്കുന്ന നോമ്പ് നമുക്കുണ്ടോ എന്ന് നാം ആലോചിക്കണം.റമളാനിലും ഹറാമായ കാഴ്ചകള്‍ നാം കാണുന്നുണ്ടെങ്കില്‍ അത് എത്രമാത്രം നമ്മുടെ നോമ്പിനെ നശിപ്പിക്കും എന്ന് നാം ഗൗരവമായി ചിന്തിക്കണം.
മഹാനായ ഉസ്മാന്‍ (റ) പ്രസംഗിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരാള്‍ കടന്ന് വന്നു. ഉടനെ ഉസ്മാന്‍ (റ) പറഞ്ഞു: കണ്ണുകളില്‍ വ്യഭിചാരത്തിന്‍റെ അടയാളവുമായിട്ടാണ് ചിലര്‍ കടന്ന് വരുന്നത്. അയാള്‍ അത്ഭുതപ്പെട്ട് പോയി. കാരണം അയാള്‍ വരുന്ന വഴിയില്‍ സുന്ദരിയായ ഒരു പെണ്ണിനെ നോക്കിയിരുന്നു. അവളെ കുറിച്ച് ആലോചിച്ച് കൊണ്ടാണ് ഉസ്മാന്‍ (റ) വിന്‍റെ സദസ്സില്‍ എത്തിയത്. ഉസ്മാന്‍ (റ) ഇക്കാര്യം എങ്ങനെയറിഞ്ഞു എന്നറിയാതെ കുഴങ്ങിയ അയാള്‍ ചോദിച്ചു: റസൂലുള്ളാഹിയുടെ മരണശേഷവും വഹ്യ് ഇറങ്ങുന്നുണ്ടോ? ഉടനെ ഉസ്മാന്‍ (റ) പറഞ്ഞു:ഇല്ല, ഇത് സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന മുഖ ലക്ഷണമാണ്.
അഥവാ അല്ലാഹു സത്യവിശ്വാസികള്‍ക്ക് ചിലരുടെ മുഖത്ത് നിന്ന് അവരുടെ പ്രവര്‍ത്തനങ്ങളെ വായിച്ചറിയാനുള്ള കഴിവ് നല്‍കും. അന്യസ്ത്രീയെ നോക്കുന്നത് കണ്ണിന്‍റെ വ്യഭിചാരമാണെന്നാണ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്. അയാളുടെ കണ്ണുകളില്‍ അത് കണ്ടെത്താന്‍ ഉസ്മാന്‍ (റ) വിന് കഴിഞ്ഞു.നാം ഇനി ആലോചിക്കുക, പരിശുദ്ധ റമളാനില്‍ നോമ്പനുഷ്ഠിക്കുന്ന നമ്മുടെ മുഖത്ത് എത്ര വ്യഭിചാര മുദ്രകള്‍ ഉണ്ടാകും. കൈകാലുകളിലും കാതിലും ഹറാമിന്‍റെ എത്ര അടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ടാകും. നമ്മുടെ അവയവങ്ങള്‍ക്ക് നോമ്പുണ്ടോ? ഇല്ല, ഒരിക്കലും നാം ആ നോമ്പ് അനുഷ്ഠിച്ചിട്ടില്ല.
ഇനി ബാക്കിയുള്ളത് വയറിന്‍റെ നോമ്പാണ്. എല്ലാവര്‍ക്കും ഉണ്ടാകുന്ന സാധാരണ ജനങ്ങളുടെ നോമ്പാണിത്. നോമ്പുകളിലെ ഏറ്റവും താഴെ നിലാവരത്തിലുള്ള നോമ്പ്. അഥവാ പ്രഭാതം മുതല്‍ പ്രദോഷംം വരെ അന്നപാനിയങ്ങള്‍ ഉപേക്ഷിച്ച് കൊണ്ട് വയറിനെ നിയന്ത്രിക്കുന്ന നോമ്പ്.അതെങ്കിലും നമുക്കുണ്ടോ? ഉണ്ട് എന്ന ഉത്തരമാണ് നമ്മില്‍ നിന്ന് വരുന്നത്. ശരിയാണ് നാം പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരാനിഹാര മൈഥുനാദി കര്‍മ്മങ്ങളൊക്കെ ഉപേക്ഷിക്കുന്നു. അത് കൊണ്ട് സാങ്കേതികമായി നാം വയറിന്‍റെ നോമ്പനുഷ്ഠിക്കുന്നുണ്ട്. പക്ഷേ വയറിന്‍റെ നോമ്പു കൊണ്ട് ലക്ഷ്യമാക്കിയ വിശപ്പ് നമുക്കുണ്ടാകുന്നുണ്ടോ എന്ന് നാം ചിന്തിക്കണം.അന്നപാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ നമ്മോട് കല്‍പ്പിക്കപ്പെട്ടത് വിശപ്പിന്‍റെ രുചിയറിയുന്നതിന് വേണ്ടിയാണ്.വിശപ്പ് വലിയൊരു ഇബാദത്താണ്. നബി (സ്വ) പറയുന്നു: അല്ലാഹുവിന്‍റെയടുക്കല്‍ നിങ്ങളില്‍ നിന്ന് ഏറ്റവും സ്ഥാനമുള്ളവര്‍ നിങ്ങളില്‍ നിന്നും ഏറ്റവും വിശപ്പ് അനുഭവിച്ചവരാണ്. നിങ്ങളില്‍ നിന്ന് ഏറ്റവും വിരോധമുള്ളവര്‍ അമിതമായി ഉറങ്ങുന്നവരും അമിതമായി ഭക്ഷണവും പാനീയവും കഴിക്കുന്നവരുമാണ്.
ദുന്‍യാവില്‍ അല്ലാഹുവിന് വേണ്ടി വിശക്കുന്നവര്‍ക്ക് പരലോകത്ത് വലിയ സൗഭാഗ്യങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. നബി (സ്വ) പറയുന്നു: അല്ലാഹു തആലാ അവന്‍റെ മേല്‍ സ്വയം നിശ്ചയിച്ചിരിക്കുന്ന ഒരു കാര്യമുണ്ട്. ആരെങ്കിലും ശക്തമായ ചൂടുള്ള ദിവസം അല്ലാഹുവിന് വേണ്ടി ദാഹിച്ചാല്‍ ഖിയാമത്ത് നാളില്‍ അല്ലാഹു അവന് ദാഹ ജലം നല്‍കുന്നതാണ്. വിശപ്പ് ഇബ്ലീസിനെതിരെയുള്ള ശക്തമായ ഒരു ആയുധം കൂടിയാണ്. ഭക്ഷണ പാനീയങ്ങള്‍ ഇച്ഛകളെ ഉണര്‍ത്തുകയും അതിലൂടെ ഇബ്ലീസ് നമ്മിലേക്ക് പ്രവേശിക്കുകയും ചെയ്യും.വിശന്ന് ദാഹിച്ചിരിക്കുന്നവന് ഇച്ഛകള്‍ കുറയും.അതിനാല്‍ ഇബ്ലീസിന് അവനെ സ്വാധീനിക്കാന്‍ കഴിയില്ല. അത് കൊണ്ടാണ് നബി (സ്വ) പറഞ്ഞത്, നിങ്ങളുടെ രക്തം സഞ്ചരിക്കുന്ന വഴികളിലൂടെയൊക്കെ ഇബ്ലീസ് പ്രവേശിക്കും. നിങ്ങള്‍ വിശപ്പ് കൊണ്ട് അവന്‍റെ സഞ്ചാരപാതയെ ഇടുക്കമുള്ളതാക്കുക.
വിശപ്പ് കൊണ്ട് ആരോഗ്യപരമായ നേട്ടങ്ങളും ലഭിക്കും.ശരീരത്തിലെ ദുര്‍മേദസുകള്‍ ഉരുകി തീരുകയും അതോടെ ശരീരത്തിലെ ഷുഗറും കൊളസ്ട്രോളും നിയന്ത്രണവിധേയമാവുകയും ചെയ്യും. നോമ്പനുഷ്ഠിക്കുന്നത് വിശക്കാന്‍ വേണ്ടി കൂടിയാണ്. പക്ഷേ റമളാനിലെ പകലുകളില്‍ നാം വിശക്കാറുണ്ടോയെന്ന് ചിന്തിക്കുക.പകലില്‍ ഉപേക്ഷിക്കുന്ന ഭക്ഷണത്തിന് പകരം രാത്രിയില്‍ തിന്ന് തീര്‍ക്കുന്ന രീതിയിലാണ് നമ്മില്‍ പലരുടെയും ഭക്ഷണരീതി. നോമ്പ് മുറിക്കല്‍, നോമ്പ് തുറക്കല്‍, മുന്നേത്താഴംഎടേത്താഴം തുടങ്ങിയ പേരുകള്‍ ഇട്ട് രാത്രി മുഴുവന്‍ തീറ്റയുടെ ഉത്സവമാക്കുന്നു.വിഭിന്ന തരത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭമായി റമളാന്‍ മാറുന്നു. വിവിധ തരത്തിലുള്ള ജ്യൂസുകളും കുടിച്ച് എടുത്താല്‍ പൊങ്ങാത്ത വയറും താങ്ങി പിടിച്ചാണ് റമളാനിലെ ഓരോ പകലും നാം ആരംഭിക്കുന്നത്. നോമ്പ് കൊണ്ട് ആരോഗ്യം നേടുന്നതിന് പകരം രോഗിയായി തീരുന്ന ദുരവസ്ഥയാണിന്ന് നിലനില്‍ക്കുന്നത്.
നബി (സ്വ) അങ്ങനെയുള്ളവരെ പറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നബി (സ്വ) പറയുന്നു: എന്‍റെ മതത്തില്‍ ശേഷം കുറേയാളുകള്‍ ഉണ്ടാകും. അവര്‍ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ കഴിക്കുകയും വൈവിധ്യമായ പാനീയങ്ങള്‍ കുടിക്കുകയും ചെയ്യും. അവര്‍ എന്‍റെ ഉമ്മത്തില്‍ നിന്നും ഏറ്റവും മോശമായവരാണ്. വിശപ്പ് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുന്നതിന് പകരം അമിതമായ ഭക്ഷണവും ഉറക്കവുമായി അല്ലാഹുവില്‍ നിന്നകലാന്‍ റമളാന്‍ മാസം ദുരുപയോഗം ചെയ്യുന്നുവെങ്കില്‍ നാം എത്ര ഭാഗ്യഹീനരാണ് എന്ന് ചിന്തിക്കേണ്ടതാണ്.
റമളാനില്‍ പാലിക്കേണ്ട ഭക്ഷണത്തിന്‍റെ അളവ് പാലിച്ചാല്‍ ഈ ദുരവസ്ഥയുണ്ടാകില്ല.പകലില്‍ ഉപേക്ഷിച്ചത് വീണ്ടെടുക്കാനല്ല രാത്രിയിലെ ഭക്ഷണം നിയമമാക്കിയത്. മറിച്ച് പകലില്‍ ഉപേക്ഷിച്ചത് ഉപേക്ഷിക്കപ്പെട്ടതായി തന്നെ കണക്കാക്കണം. നോമ്പ് ഇല്ലാത്ത പകല്‍ ഭക്ഷണം കഴിച്ച ദിവസത്തില്‍ രാത്രി എത്ര ഭക്ഷണമാണോ നാം കഴിക്കാറുള്ളത്, ആ അളവ് മാത്രമേ നോമ്പ് കാലത്തെ രാത്രിയിലെ മുഴുവന്‍ ഭക്ഷത്തിനുമുണ്ടാകാന്‍ പാടുള്ളൂ. ആ നിലയിലാണ് രാത്രിയിലെ ഭക്ഷണം നാം ക്രമീകരിക്കേണ്ടത് എന്ന് അനുഭവജ്ഞാനികള്‍ പഠിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ അല്ലാഹുവിന്‍റെ ദാസന്മാരില്‍ നിന്നും ഉത്കൃഷ്ടരില്‍ ഉത്കൃഷ്ടരായവര്‍ക്ക് സാധിക്കുന്ന നോമ്പായ ഹൃദയ നോമ്പും ഉത്കൃഷ്ടരായവര്‍ അനുഷ്ഠിക്കുന്ന അവയവങ്ങളുടെ നോമ്പും നമുക്കില്ല. ഉണ്ടാകാന്‍ സാധ്യതയുള്ള ഉദര നോമ്പും നമുക്കില്ല. ഈയവസ്ഥ നമുക്കുണ്ടായാല്‍ നാം ഇത് വരെ നോമ്പനുഷ്ഠിച്ചിട്ടില്ലായെന്ന് മനസ്സിലാക്കുക. പിന്നെ എങ്ങനെയാണ് നോമ്പ് കൊണ്ടും റമളാന്‍ കൊണ്ടും നേടേണ്ട ചൈതന്യം നമുക്ക് ലഭ്യമാകുക.റമളാന്‍ അല്ലാഹുവിലേക്ക് അടുക്കാനുള്ള മാസമാണ്. റമളാനില്‍ നാം അല്ലാഹുവില്‍ നിന്ന് അകന്നവരാകരുത്.റമളാന്‍ പടിവാതില്‍ക്കല്‍ എത്തിയ ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഒരു ഉറച്ച പ്രതിജ്ഞയെടുക്കാം, ഈ വര്‍ഷം അല്ലാഹുവിന് വേണ്ടി നാം നോമ്പനുഷ്ഠിക്കും.വിശപ്പുള്ള, അവയവങ്ങളെയും ഹൃദയത്തെയും നിയന്ത്രിക്കുന്ന നോമ്പ്. അതിലൂടെ അല്ലാഹുവിലേക്ക് ഒരു ചുവട് കൂടി നമുക്ക് അടുക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ